പോപ്പ് ആപ്പ് ഫിഷിങ് & കാർപ്പ് ഫിഷിങ്
Carp Fishing & Pop - Up Fishing
=========================
കുറെ ദിവസമായി എല്ലാവരുടെയും ചോദ്യമാണിത്. ലോകത്തെങ്ങും കേട്ടിട്ടില്ലാത്തപോലെ. എങ്കിൽ അങ്ങനെ ഒരു മീൻ പിടുത്തം ഉണ്ട്.
അങ്ങ് വിദേശരാജ്യങ്ങളിൽ സായിപ്പിൻമാർ വളർത്തുമീനുകളായ കാർപ്പ് ,രോഹു ,കട്‌ല ,മൃഗാൽ ,കുയിൽ എന്നീ മീനുകളെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് പോപ്പ് ആപ്പ് ഫിഷിങ്.
ഒരു ചെറിയ മഞ്ഞ ബോൾ രീതിയിൽ ഉള്ള തെർമോക്കോൾ അല്ലെങ്കിൽ കോർക്ക് പോലത്തെ സാധനം ചൂണ്ടയിൽ നൂൽ ഉപയോഗിച്ചു കെട്ടി ഒപ്പം ഒരു സ്പ്രിങ് പോലെ ഇരിക്കുന്നതിൽ (ഫീഡർ) തീറ്റ ( നമ്മൾ തന്നെ ഉണ്ടാക്കുന്നത്) വെച്ചിടുന്ന രീതി ആണ് ആപ്പ് ഫിഷിങ് & കാർപ്പ് ഫിഷിങ്
എവിടെ വാങ്ങാൻ കിട്ടും വില എത്രയാകും ...?
ഈ പോപ്പ് ആപ്പ് & ഫീഡർ ബാംഗ്ലൂർ നിന്നും ആണ് പലരും മേടിക്കുന്നത് ഇതിനു ഏകദേശം പോപ്പ് ആപ്പ് ന് 100 രൂപയും ഫീഡറിന് 50 രുപയും ആയിരുന്നു വില. നമ്മുടെ നാട്ടിൽ ഇപ്പോൾ ഇതിന് ആവശ്യക്കാർ കൂടിയതോടെ പലരും ബിസ്സിനെസ്സ് തുടങ്ങി ഇപ്പോൾ വില 200 മുതൽ 350 രൂപ വരെ ആയി.
പോപ്പ് ആപ്പ് & ഫീഡർ എങ്ങനെ ഉണ്ടാക്കാം ...?
പോപ്പ് ആപ്പ് എന്ന് പറയുന്ന സാധനം തെർമോക്കോൾ അല്ലെങ്കിൽ കോർക്ക് പോലത്തെ മഞ്ഞ നിറത്തിൽ ഉള്ളതാണ്. ഷട്ടിൽ കളിക്കുന്ന കോർക്കിന്റെ മുൻവശം എടുത്ത് ബ്ലേഡ് ഉപയോഗിച്ച് ചെത്തി ഉണ്ടാക്കാം.
അല്ലെങ്കിൽ മഞ്ഞകളറിൽ ഉള്ള ചെരുപ്പ് വാങ്ങി 12 MM ഘനം ഉള്ള ബോൾ പോലെ ഉണ്ടാക്കിയാൽ മതി. എന്നിട്ട് സൂചി ഉപയോഗിച്ച് നൂൽ നടുക്കൂടെ ഇറക്കി ചൂണ്ടയിൽ കെട്ടുക. ഞാൻ പറഞ്ഞുകൊടുത്തിട്ട് ചിലർ ഉണ്ടാക്കിയ ഫോട്ടോസ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്.
പോപ്പ് അപ്പ് നു പകരം സോയാബീൻ വേണേലും ഉപയോഗിക്കാം
ഫീഡർ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. അതിനു വേണ്ടത് ഒരു ഘനം കുറഞ്ഞ കമ്പി മാത്രം ആണ് . അയ കെട്ടുന്നതോ എർത്ത് കമ്പിയോ ധാരണം. അത് കറുത്ത വയറിങ് പൈപ്പിൽ ചുറ്റി സ്പ്രിങ് പോലെ ഫീഡർ ഉണ്ടാക്കാം. ഭാരം വരാൻ ഫീഡറിന്റെ നടുക്ക് ഹോൾ ഉള്ള ഒരു ഈയകട്ടയോ മറ്റോ ഇട്ടാൽ മതി ഒരാൾ ഉണ്ടാക്കിയ ഫീഡറിന്റെ ഫോട്ടോ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.
ചൂണ്ട സൈസ് എത്ര ആണ് ...?
12 ,10 , 9 എന്നീ നമ്പർ ഉള്ള കാർബൺ കാർപ്പ് ഫിഷിങ് ഹുക്ക് തന്നെ ഉപയോഗിക്കണം അല്ലേൽ മീൻ ചൂണ്ട നിവർത്ത് പോകും. നമ്മുടെ നാട്ടിലെ എല്ലാ ഫിഷിംഗ് ഷോപ്പിലും വാങ്ങാൻ കിട്ടും.
ഇതിൽ എന്ത് തീറ്റ ആണ് ഇടുന്നെ ...?
പലരും ബാംഗ്ലൂർ നിന്നും വാങ്ങുന്ന തീറ്റ ആണ് ഉപയോഗിക്കുന്നത്. അത് ഫീഡറിൽ ഇട്ടാൽ 100 % മീൻ അടിച്ചിരിക്കും. അത്രക്ക് റിസൾട്ട് ഉള്ള ഫുഡ് ആണിത്. ഇതിനു കിലോക്ക് 400 - 500 രൂപ വിലയുണ്ട്. നാട്ടിൽ ഇപ്പോൾ പലരും ഇതു വിൽക്കുന്നുണ്ട് .
ഈ തീറ്റ രണ്ട് തരം ഉണ്ട് ഒന്ന് രോഹു പിടിക്കാൻ അതിൽ വേറെ മീൻ അടിക്കില്ല. രണ്ടാമത്തെ തീറ്റ കട്‌ല പിടിക്കാൻ ഉള്ളതാണ് അതിൽ എല്ലാ മീനും അടിക്കും.
തീറ്റ നമ്മൾ എങ്ങനെ ഉണ്ടാക്കും ...?
സ്റ്റാർട്ടർ തീറ്റ, കോഴിത്തീറ്റ, ഓഖ പിണ്ണാക്ക്, കടല പിണ്ണാക്ക്, തവിട്, അവൽ, മഞ്ഞ പട്ടാണി, വൻ പയർ , ചോളം , സോയാബീൻ ,സാമ്പാർ പരിപ്പ് , ബിസ്‌ക്കറ് , പഞ്ചസാര , ശർക്കര , ഏലക്ക എന്നിവ ചെറുതായി വറത്ത് ( എല്ലാം കൂടി ഒരുമിച്ചിട്ടു വറക്കരുത്ത്) ഇതെല്ലാം കൂടി മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കണം.
എന്നിട്ടു ചൂണ്ടയിൽ ഇടാൻ നേരം നെയ്യും വെളിച്ചെണ്ണയും ബ്രെഡിന്റെ നടുക്കത്തെ വെള്ള ഭാഗവും സ്വൽപ്പം വെള്ളവും ചേർത്ത് കുഴക്കണം.
പുട്ടിനു പൊടി കുഴച്ച പരുവത്തിൽ വേണം കുഴക്കാൻ എന്നിട്ട് ഫീഡറിൽ വെച്ച് നല്ലപോലെ അമർത്തിയ ശേഷം എറിഞ്ഞിടുക .
ഒരു മണിക്കൂർ എങ്കിലും അനക്കാതെ ഇടണം.
നമ്മൾ ഉണ്ടാക്കുന്ന തീറ്റയിൽ 100 % റിസൾട്ട് ഉണ്ടോ ...?
ഇല്ല. 100 % റിസൾട്ട് കിട്ടണമെങ്കിൽ കളം തെളിച്ചു ചൂണ്ട ഇടണം അങ്ങനെ ആണേൽ എന്ത് തീറ്റ ഇട്ടാലും മിനേറ്റുകൾക്കകം മീൻ അടിച്ചിരിക്കും.
എന്താണ് കളം തെളിക്കൽ ...?
പോപ്പ് ആപ്പ് ഫിഷിങ് & കാർപ്പ് ഫിഷിങ് ചെയ്യുന്ന എല്ലാവരും ചെയ്യുന്ന ഒരു രീതി ആണ് കളം തെളിക്കൽ. നമ്മൾ ചൂണ്ടയിടാൻ ഉദ്ദേശിക്കുന്ന പുഴയിലോ കുളത്തിലോ , പാറ മടകളിലോ ചൂണ്ട ഇടുന്നതിനു 3 ,4 ദിവസം മുൻപേ തീറ്റ എറിഞ്ഞു മീനെ അടുപ്പിക്കുന്ന രീതിയാണിത്.
അതിനു നമ്മൾ പുഷ്‌ടി , ഓഖ പിണ്ണാക്ക് , തിരി പിണ്ണാക്ക് എന്നൊക്കെ പല പേരിൽ അറിയപ്പെടുന്ന പിണ്ണാക്ക് 5 ,6 കിലോ വാങ്ങി മീൻ പിടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് 2 ,3 ദിവസം തുടർച്ചയായി എറിയുക. ഇങ്ങനെ എറിഞ്ഞാൽ അതിന്റെ മണം അടിച്ചു ചുറ്റുവട്ട പ്രദേശത്തുള്ള മീനുകൾ എല്ലാം ഒരേ സ്ഥലത്ത് എത്തും. ഒപ്പം 2 ,3 ദിവസം പഴയ ചോറുകൂടി എറിഞ്ഞാൽ മീൻ പെട്ടന്ന് അടുക്കും.
ഈ പിണ്ണാക്ക് (കൈ തീറ്റ) ഒരുപ്രാവശ്യം വളർത്തുമീനുകൾ തിന്നു കഴിഞ്ഞാൽ അടുത്ത 48 മണിക്കൂർ ഇവ തീറ്റ തേടി അവിടെ തന്നെ നിൽക്കും ഇതാണ് വളർത്തുമീനുകളുടെ സ്വഭാവം. ഇങ്ങനെ മീനെ അടുപ്പിക്കുന്ന രീതി ആണ് കളം തെളിക്കൽ.
കളം തെളിക്കാതെ പോപ്പ് ആപ്പ് ഫിഷിങ് ചെയ്താൽ ഒരു മണിക്കൂറിൽ ചിലപ്പോൾ ഒരു മീനെ കിട്ടുകയുള്ളൂ . എങ്കിൽ കളം തെളിച്ചു പോപ്പ് ആപ്പ് ഫിഷിങ് ചെയ്താൽ ഒരു മണിക്കൂർ 10 എണ്ണം വരെ കിട്ടിയെന്നിരിക്കും. ഒഴുക്കുള്ള സ്ഥലങ്ങളിൽ കളം തെളിക്കാൻ സാധിക്കില്ല. ഒഴുക്കില്ലാത്ത കയം ആണ് ഏറ്റവും നല്ലത് . ഒരുപാട് താഴ്ചയുള്ള കയങ്ങളിൽ വളർത്തുമീനുകൾ എപ്പോളും നിൽക്കില്ല. വെള്ളം കെട്ടിനിൽക്കുന്ന താഴ്ചയുള്ള സ്ഥലത്ത് ഓക്സിജൻ കുറവായിരിക്കും. അതുകൊണ്ട് അതികം താഴ്ചയില്ല ഒഴുക്കുകുറഞ്ഞ സ്ഥലമാണ് കൂടുതൽ നല്ലത്.
NB : ഒരാൾ കളം തെളിച്ചടത്ത് മറ്റുള്ളവർ മീൻ അടിക്കുന്നതുകൊണ്ട് ചൂണ്ട ഇടരുത്. അത് തെണ്ടിത്തരം ആണ് . കളം തെളിക്കുന്നത് പലരും 10 ,20 കിലോ പിണ്ണാക്ക് (തീറ്റ) എറിഞ്ഞാണ്.
ഒരാൾ തെളിച്ച കളം ഉള്ള ഏരിയയിൽ ആഴ്ചകൾ കഴിഞ്ഞും മാസങ്ങൾ കഴിഞ്ഞും മറ്റുളളവർ ചൂണ്ട ഇടരുത് എന്ന് പറയാൻ ആർക്കും അവകാശം ഇല്ല. കളം തെളിച്ചുകൊണ്ടിരിക്കുന്ന ഒരാഴ്ച മാത്രമേ അത് ഞങ്ങളുടെ കളം അണ്എന്ന് പറയുന്നതിൽ അർഥം ഉള്ളു. പുഴകൾ ആരുടേയും സ്വന്തം അല്ല ആർക്കും മീൻ പിടിക്കാം. അല്ലെങ്കിൽ നിങ്ങൾ കളം തെളിച്ച സ്ഥലം നിങ്ങളുടെ വസ്തുവിനോട് ചേര്ന്നുള്ളതാകണം. പൊതുസ്ഥലത്തു പോയി കളം തെളിച്ചിട്ടു മറ്റുള്ളവരുമായി തർക്കം ഉണ്ടാക്കി ഫിഷിങ് ഒരു ഗുണ്ടായിസം ആക്കി ആരും മാറ്റരുത്.
തീറ്റ ഫീഡറിലും ചൂണ്ടയിൽ പോപ്പ് ആപ്പ് അല്ലെ ഇടുന്നെ പിന്നെ എങ്ങനെ ആണ് തീറ്റ ഇല്ലാത്ത ചൂണ്ടയിൽ മീൻ അടിക്കുക ....?
നമ്മൾ ആദ്യം വളർത്തുമീനുകളുടെ സ്വഭാവം എന്താ എന്ന് മനസിലാക്കണം എങ്കിലേ ഈ പോപ്പ് ആപ്പ് ഫിഷിങ് രീതി മനസിലാകൂ.
വളർത്തുമീനുകൾ സാധാരണ നിലത്തുനിന്നും തീറ്റ വായിലേക്ക് വലിച്ചെടുത്ത് തിന്നുന്ന രീതി ആണ്. നിലത്ത് കിടക്കുന്ന എന്ത് സാധനവും കമ്പ് , കല്ല് , മണൽ ,പായൽ , എന്നിങ്ങനെ എന്തും തീറ്റ തിരയുന്ന കൂട്ടത്തിൽ വലിച്ചു വായിലോട്ടെടുത്തിട്ടു തിരിച്ചു തുപ്പുന്ന രീതിയിലാണ് ഇര എടുക്കുക.
അപ്പോൾ നമ്മൾ ഫീഡറിൽ ഇട്ട തീറ്റ നിലത്ത് നിരന്നു കിടക്കുകയായിരിക്കും. ആ തീറ്റ വായിലേക്ക് വലിച്ചെടുക്കുന്ന കൂട്ടത്തിൽ തീറ്റ ആണ് എന്ന് തെറ്റിദ്ധരിച്ചു ഈ മഞ്ഞ പോപ്പ് ആപ്പ് വായിലേക്ക് വലിച്ചെടുക്കുകയും ചൂണ്ട വായിൽ കുടുങ്ങുകയും ചെയ്യും. മഞ്ഞ നിറം മീനെ പെട്ടന്ന് ആകർഷിക്കുകയും ചെയ്യും.
വളർത്തുമീനുകൾ അല്ലാതെ വേറെ ഒന്നും കിട്ടാറില്ല ...?
കിട്ടും. പലർക്കും ധൂളി (പുല്ലൻ ) ,മലേഷ്യൻ വാള , റെഡ്ബെല്ലി എന്നീ മീനുകളെയും ഈ രീതിയിൽ കിട്ടിയിട്ടുണ്ട്. എങ്കിലും കൂടുതലായി വളർത്തുമീനുകൾ ആണ് ലഭിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) റീലിൽ ഡ്രാഗ് സെറ്റ് ചെയിതു വേണം പിടിക്കാൻ .
2) മീൻ 2 ,3 എണ്ണം ചൂണ്ട പൊട്ടിച്ചുപോയാൽ കളം പോളിയും പിന്നെ മീൻ കുറെ നേരത്തേക്കോ1 ,2ദിവസത്തേക്കോ ആ ഭാഗത്ത് നിന്നും കിട്ടില്ല.
3) വളർത്തുമീനുകളെ വെള്ളത്തിൽ കൂടി ഓടിച്ചു തളർന്ന ശേഷമേ വലിച്ചു കരക്ക് കയറ്റാവൂ. പെട്ടന്ന് വലിച്ചു കയറ്റാൻ നോക്കിയാൽ ലൈൻ പൊട്ടുകയോ , ചൂണ്ട ഒടിയുകയോ , മീന്റെ വാ കീറിയോ മീൻ പോകും.
റീലിൽ ഡ്രാഗ് സെറ്റ് ചെയ്യുന്ന രീതി
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും അറിയാൻ ഈ പേജ് ലൈക് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ