ലേബലുകള്‍

Aliexpress_1

2018, മാർച്ച് 26, തിങ്കളാഴ്‌ച

ചെറുതേനീച്ചയുമായി ബന്ധപ്പെട്ട സംശയങ്ങൾ🐝🐝 - Cherutheneecha valarthal - Stingless Bees / Meliponiculture

🐝🐝ചെറുതേനീച്ചയുമായി ബന്ധപ്പെട്ട സംശയങ്ങൾ 🐝🐝


🐝🐝Cherutheneecha valarthal - Stingless Bees / Meliponiculture🐝🐝

------------------------------------------------
========================


ചെറുതേനീച്ച കൂടുകൾ എവിടെനിന്നും ലഭിക്കും ...?

ചെറുതേനീച്ചയെ നമ്മൾ പ്രകൃതിദത്ത കൂടുകളിൽ നിന്നുമാണ് സ്വന്തമാക്കുന്നത്. നമ്മുടെ വീടിന്റെ തറക്കല്ലിലോ , മതിലുകളിയോ ,മരത്തിന്റെ പോടുകളിലോ ആണ് പ്രകൃതിദത്ത കോളനികൾ കാണാറ്. ഇവയെ കല്ലുകൾ ഇളക്കിയോ മറ്റും പിടിക്കാം അല്ലെങ്കിലും കെണിക്കൂടുകൾ സ്ഥാപിച്ചും പിടിക്കാം.
കെണിക്കൂടുകൾ സ്ഥാപിക്കുന്നതിന്റെ രീതിയുടെ വീഡിയോ ലിങ്ക് അവസാനം കൊടുത്തിട്ടുണ്ട്.

ഒരു കൂട്ടിൽ എത്ര തരം ഈച്ചകൾ ഉണ്ട് ഇവയുടെ ധർമം എന്ത് ...?

തേനീച്ച കൂട്ടിൽ 3 തരം ഈച്ചകൾ ഉണ്ട്. 
1 . റാണി ഈച്ച 
     മുട്ട ഇടുക എന്നത് മാത്രം ആണ് ഇവയുടെ ജോലി.
2 . ആൺ ഈച്ചകൾ 
     റാണി ഈച്ചയുമായി ഇണ ചേരുക എന്നതുമാത്രം ആണ് ഇവയുടെ ജോലി.
 3 . വേലക്കാരി ഈച്ചകൾ
     ഒരു കൂട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് വേലക്കാരി ഈച്ചകൾ ആണ്.
     തേൻ ,പൂമ്പൊടി  ശേഖരിക്കൽ, കൂട് വൃത്തിയാക്കൽ ,തേൻ അറകൾ പണിയൽ റാണി ,     ഈച്ചക്കും മുട്ട വിരിഞ്ഞിറങ്ങുന്ന ഈച്ചകൾക്കും ആഹാരം കൊടുക്കൽ, കൂട് സംരക്ഷിക്കൽ അങ്ങനെ എല്ലാ ജോലികളും ചെയ്യുന്നത് വേലക്കാരി ഈച്ചകൾ ആണ്. ഒരു കോളനി നിലനിൽക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതുപോലും വേലക്കാരി ഈച്ചകൾ ആണ്.


ചെറുതേനീച്ച കൂട്ടിൽ  റാണി എത്ര തരം മുട്ടകൾ ഇടും ...?

രണ്ടുതരം മുട്ടകൾ മാത്രം  ആണ് റാണി ഈച്ച  ഇടുന്നത്. 
ഒന്ന് ബീജസങ്കലനം നടന്ന മുട്ടകളായ  പെണ്ണീച്ചകളുടെ മുട്ടകളും 
രണ്ട് ബീജസങ്കലനം നടക്കാത്ത  മുട്ടകളായ  ആണിച്ചകളുടെ മുട്ടകളും.
മൂന്നാമതൊരു മുട്ട റാണിയിച്ച ഇടുന്നില്ല എന്നതാണ് സത്യം.

ചെറുതേനീച്ചയിലെ റാണിക്ക് പറക്കാൻ ഉള്ള കഴിവുണ്ടോ ...?

ഇല്ല. ഇണ ചേര്ന്നു കഴിഞ്ഞു മുട്ടയിടാൻ തുടങ്ങുന്നതോടൊ ചെറുതേനീച്ചയിൽ റാണിക്ക് പറക്കാൻ  ഉള്ള കഴിവ് നഷ്ടമാകും. അതുകൊണ്ടു തന്നെ ചെറുതേനീച്ച കൂടുപേക്ഷിച്ചുപോകുന്ന സ്വഭാവം വളരെ കുറവാണ്.

റാണി നഷ്ടപ്പെട്ടാൽ ഈച്ചകൾക്ക് എങ്ങനെ മനസിലാകും ...?



റാണി കൂട്ടിൽ ഉള്ളപ്പോൾ പുറപ്പെടുവിക്കുന്ന ഒരു ഫെറമോൺ  നിന്റെ മണം  ഉണ്ട്. റാണി കൂട്ടിൽ ഉണ്ട് എന്ന് മറ്റു ഈച്ചകൾക്ക് മനസിലാകാൻ. ഈ ഫെറമോൺ മണം ഇല്ലാതായാൽ ഈച്ചകൾക്ക് മനസിലാകും റാണി നഷ്ടപ്പെട്ടു എന്ന് . ഈ സാഹചര്യത്തിൽ റാണി ഇട്ട പുതിയ മുട്ടകൾ ഉണ്ടല്ലോ അവയിൽ നിന്നും സെലക്ട് ചെയിത മുട്ടയിൽ  റോയൽജെല്ലി മാത്രം കൊടുത്ത് റാണിയെ വളർത്തി എടുക്കുന്നത്.

ചെറുതേനീച്ച കൂട്ടിൽ ഏകദേശം എത്ര ഈച്ചകൾ വരെ കാണും ...?

ആയിരമോ അതിൽ താഴയോ ആണ് സാധാരണ കാണുന്നത്. ഇതൊന്നും കൃത്യമായി എണ്ണി തിട്ടപ്പെടുത്താൻ പറ്റുന്ന കാര്യങ്ങൾ അല്ല. എങ്കിലും ഒരു ഏകദേശ കണക്കാണ്.

ഒരു പ്രാവശ്യത്തെ ഇണ ചേരലിനു ശേഷം മുട്ടയിട്ടാൽ ,അടുത്ത പ്രാവശ്യം മുട്ടയിടാൻ mating വേണോ...? മുട്ടയിട്ട് തുടങ്ങിയാൽ റാണിക്ക് പറക്കാൻ കഴിയില്ല എന്ന് കേട്ടിട്ടുണ്ട്...?

റാണി ഈച്ച അതിന്റെ ജീവിതത്തിൽ  ഒരു പ്രാവശ്യം ഇണ ചേർന്നാൽ മതി മുട്ടയിടാൻ. ഇണ ചേരുമ്പോൾ ആണിച്ചയിൽ നിന്നും ബീജം മൊത്തം റാണി ഈച്ചയുടെ ശരീരത്തിൽ ഒരു ഭാഗത്ത് സൂക്ഷിച്ചു വെക്കുകയാണ് ചെയ്യുന്നത്. ആ ബീജം വെച്ചാണ് അതിന്റെ ആയുസ്സിൽ മൊത്തം മുട്ടയിടുന്നത്. റാണി ഈച്ചയുടെ ആയുസ്സ് 4 - 5 കൊല്ലം ആണ്      
ഇണ ചേർന്നു കഴിഞ്ഞു മുട്ടയിടുന്നതോടെ റാണിഈച്ചക്ക് പറക്കാൻ ഉള്ള  കഴിവ് നഷ്ടമാകും.
അതുകൊണ്ടുതന്നെ ചെറുതേനീച്ച കൂട് ഉപേക്ഷിച്ചു പോകാറില്ല. ഒരിടത്ത് തന്നെ വർഷങ്ങൾ നിലനിൽക്കും - - 

ഈച്ചകളുടെ മുട്ട വിരിയാൻ എത്ര ദിവസം എടുക്കും...?

ആണിച്ചകളുടെയും വേലക്കാരി ഈച്ചകളുടെ മുട്ടകൾ 50 - 60 ദിവസം കൊണ്ട് വിരിയും.   
റാണി ഈച്ചയുടെ മുട്ട 50 - 60 ദിവസം കൊണ്ട് വിരിയുന്നു എന്നാണ് പറയുന്നത്. റാണി ഈച്ചയുടെ മുട്ട യുടെ അറയില്  റോയൽ ജെല്ലി മാത്രം ആണ് നിറക്കുന്നത്. അതുകഴിച്ചാണ് വലിയ ഈച്ച ഉണ്ടാക്കുന്നതും ആയുസു കൂടുതൽ ലഭിക്കുന്നത്. . ഒരു റാണിയെ കൂടിന്റെ നിലനിൽപ്പിനു വേണ്ടി പെട്ടാണ് വിരിച്ചെടുക്കുക എന്നത് വേലക്കാരി ഈച്ചകളുടെ ധർമം ആണ്.
ഇതെല്ലാം ഏകദേശം കണക്കാണ്. കൃത്യമായ കണക്കു പറയാൻ സാധിക്കില്ല.

ചെറുതേനീച്ചയിൽ രണ്ടും മൂന്നൂം റാണിമുട്ട കാണുന്നു. അതെല്ലാം വിരിഞ്ഞു ഇറങ്ങിയാൽ സെറ്റ് പിരിഞ്ഞു പോകുമോ ...??

ഒരു ചെറുതേനീച്ച കോളനിയിൽ അതിനു സെറ്റ് പിരിഞ്ഞു പോകാനും മാത്രം ഉള്ള അംഗബലം ഉണ്ടങ്കിലേ സെറ്റ് പിരിഞ്ഞു പോകൂ. അല്ലാത്ത സാഹചര്യത്തിൽ എപ്പോൾ ഒരു ഗൈനി (പുതിയ റാണി ഈച്ച) ഉണ്ടായാലും ഇതിനു ആഹാരം കൊടുക്കാതെയോ അല്ലെങ്കിൽ അക്രമിച്ചോ വേലക്കാരി ഈച്ചകൾ കൊന്നുകളയുകാണ് ചെയ്യുന്നത്.

കൂടുതലായും റാണി മുട്ട ഒരു കൂട്ടിൽ  കണ്ടുവരുന്ന സമയം നവംബർ മുതൽ മെയ് മാസം വരെ ആണ്.

റാണി ഈച്ചയുടെയും സാധാ ഈച്ചകളുടെയും ആയുസ്സ് എത്ര നാൾ ആണ് ...?

റാണി ഈച്ചയുടെ ആയുസ്സ് 4,5 കൊല്ലം ആണ്. സാധാ ഈച്ചകൾ  90 - 100 ദിവസം വരെ ജീവിച്ചിരിക്കാറുണ്ട്. ഇതൊന്നും കൃത്യമായി പറയാൻ സാധിക്കില്ല ഏകദേശ കണക്കാണ്.   

ചെറുതേനീച്ച എത്ര ദൂരം വരെ പോയി തേൻ അടുക്കും ...?


ചെറുതേനീച്ച സാധാരണയായി 100 മീറ്റർ ദൂരം വരെ പോയി ആണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. എങ്കിലും അടുത്തെങ്ങും തേനും പൂമ്പൊടിയും ലഭിക്കാതെ വന്നാൽ 200 - 300 മീറ്റർ വരെ ദൂരത്തിൽ പോയി തേൻ  സംഭരിക്കുന്നതായി കണ്ടുവരുന്നു.

 ഗൈനിയും റാണിയും തമ്മിലുള്ള വ്യത്യാസം ?

 ഇണ ചേർന്ന് മുട്ടയിടുന്ന ഈച്ചയെ ആണ് റാണി ഈച്ച എന്ന് പറയുന്നത്.

ഇണ ചേരാത്ത മുട്ടയിടാത്ത പറക്കാൻ കഴിവുള്ള ഈച്ചയെയാണ് ഗൈനി  എന്ന് വിളിക്കുന്നത് (എന്നുവച്ചാൽ മുട്ട വിരിഞ്ഞിറങ്ങി 2,3 ആഴ്ച പ്രായം ഉള്ള റാണി ഈച്ച ആണ് ഗൈനി ) 

ചെറുതേനീച്ച ഒരു സ്ഥലത്ത് എത്രകൊല്ലം നിലനിൽക്കും ...?

ഒരു രീതിയിലും ഉള്ള ശല്യങ്ങളും ഇല്ല. കൂടിനകത്ത് ഒരുപാട് സ്ഥലങ്ങളും ഉണ്ടെങ്കിൽ വർഷങ്ങൾ നിലനിൽക്കും.

ചെറുതേനീച്ച, ഇണ ചേരുന്നത് കൂടിനകത്തോ അതോ വൻ തേനീച്ചയെപ്പോലെ പുറത്തോ ...?

ചെറുതേനീച്ചയിലെ റാണി (ഗൈനി) ഇണ  ചേരാൻവേണ്ടി കൂട്ടിലെ ഒരു കൂട്ടം അണിച്ചകൾക്കൊപ്പം പുത്തേക്ക് ഉയരത്തിൽ പറക്കുകയാണ് ചെയ്യുക. റാണി (ഗൈനി) ഉയരത്തിൽ പറക്കുമ്പോൾ കൂടെ വരുന്ന ആണിച്ചകളിൽ കഴിവ് കുറഞ്ഞ ഈച്ചകക്ക് റാണിക്കൊപ്പം എത്താൻ സാധിക്കാതെ തളന്നു വീണുപോകും. ഏറ്റവും അവസാനം ഒറ്റയ്ക്ക് പറന്നു   റാണി (ഗൈനി) ഈച്ചക്കൊപ്പം എത്തുന്ന  ആൺ ഈച്ചയോടൊപ്പം ആകാശത്തു വെച്ച് തന്നെ ഇണചേരുകയും ചെയ്യും. അതിനു ശേഷം റാണി കൂട്ടിലോട്ടു തിരിച്ചു പോരുകയാണ് ചെയ്യുക.
ഇണ ചേർന്നുകഴിഞ്ഞു ഒരാഴ്ചക്കകം റാണി മുട്ടയിടാനും തുടങ്ങും .റാണിഈച്ചയോട് ഇണചേരുന്ന ആണിച്ച അതിനുശേഷം ചത്തുപോകുകയും ചെയ്യും.ആൺ ഈച്ച ചാകാൻ കാരണം ശരീരത്തില്‍നിന്നും ബീജംമുഴുവനും റാണി ഈച്ച ഊറ്റി എടുത്തതിന്റെ ഫലമായി ആണ്  ആണ്‍ ഈച്ചയുടെ ജീവന്‍ പോകുന്നത് .  

ചെറുതേനീച്ചയിൽ റാണി ഒരു ദിവസം എത്ര മുട്ടുവരെ ഇടും ...?

നല്ല സ്ട്രോങ്ങ് കോളനി ആണേൽ റാണി ഒരു ദിവസം 100 ൽ താഴെ മുട്ടകൾ കൃത്യമായി പറഞ്ഞാൽ 80 ഓളം മുട്ടകൾ ഇടും. റാണി ഈച്ചക്കു പ്രായം കൂടുന്നതിനനുസരിച്ചു മുട്ട ഇടുന്നതിന്റെ എണ്ണം കുറയും. കൂട്ടിൽ വേലക്കാരി ഈച്ചകളുടെ എണ്ണം കുറവെങ്കിലും മുട്ട ഇടുന്നതിന്റെ എണ്ണം കുറയും കാരണം. റാണി ഇടുന്ന മുട്ടകളിലെ ഈച്ചകൾ വിരിഞ്ഞു ഇറങ്ങുമ്പോൾ അവൾക്കുള്ള ആഹാരം കൊടുക്കാനും റാണി ഈച്ചക്കു ആഹാരം കൊടുക്കാനും ഉള്ള ബുദ്ധിമുട്ടുകൾ കാരണം റാണി 30 ഓളം മുട്ടകളെ ഇടുകയുള്ളു. 
   

റാണിക്ക് ഈച്ചക്കു വേലക്കാരി ഈച്ചകൾ എന്ത് ആഹാരം ആണ്  കൊടുക്കുന്നത് ...?

റാണി ഈച്ചക്കു റോയൽ ജെല്ലി എന്ന ആഹാരം മാത്രം ആണ് കൊടുക്കുന്നത്. റോയൽ ജെല്ലി എന്ന് പറയുന്നത് ഒരു രാജ ദ്രാവകം ആണ്.

ഇതു പുതിയതായി വിരിഞ്ഞിറങ്ങിയ വേലക്കാരി ഈച്ചകളുടെ തലയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ദ്രാവകം ആണ് . 

ചെറുതേനീച്ചക്ക് എത്ര കണ്ണുകൾ ഉണ്ട് അവയുടെ ധർമ്മം എന്ത് ...?

ചെറുതേനീച്ചയുടെ കണ്ണുകളുടെ എണ്ണം 5 
തലയ്ക്കു മുകളിൽ മൂന്നു ചെറിയ കണ്ണുകൾ...രണ്ടു വശങ്ങളിലും വലിയ രണ്ടു കണ്ണുകൾ...അപ്പൊ എന്തിനാ 5 കണ്ണ് ? 
ചെറിയ മൂന്ന് കണ്ണുകൾ ocelli എന്നു ആണ് അറിയപ്പെടുന്നത്...കൂട്ടിന്റെ അകത്തു ചെന്നാൽ കാണാൻ ആണ് ഈ ചെറിയ മൂന്നു കണ്ണുകൾ... മറ്റു രണ്ടെണ്ണം കൂട്ടിന് പുറത്തു വന്നാൽ കാണാനും.. Ommatidia എന്നാണ് ആ രണ്ടു കണ്ണുകളെ പറയുക...കൂട്ടിന് അകത്തേക്ക് എത്തിയാൽ പിന്നെ പ്രവർത്തിക്കുന്നത് തലയ്ക്കു മുകളിൽ ഉള്ള ചെറിയ 3 കണ്ണുകൾ ആണ്

ചെറുതേനീച്ചയിലെ തേൻ സംഭരണം എങ്ങനെ ...?

ഒരു സ്പൂണ് തേൻ നിർമിക്കാൻ 4000 ഇൽ പരം പുഷ്പ്പങ്ങളിൽ നിന്നു പലതവണ പൂമ്പൊടി ശേഖരിക്കണം ഒരു ചെറുതേനീച്ചയ്ക്കു..
ഒരു ചെറുതേനീച്ച അതിന്റെ ഒരു പറക്കലിൽ ഒരേ തരം പുഷ്പ്പങ്ങളിൽ നിന്നു മാത്രമേ പൂമ്പൊടി ശേഖരിക്കുകയുള്ളൂ...അങ്ങനെ ആണ് പോളിനേഷൻ നടക്കുന്നത് 🐝

പ്രായം ആയ ഈച്ചകൾ കൂട്ടിനകത്ത്  ചാകുന്നത് കാണാറില്ല എന്തുകൊണ്ട് ...?

ചെറുതേനീച്ച വർക്കർ ഈച്ചകൾ പൊതുവെ നല്ല ടീം വർക്ക് ആണ്...കൂട്ടിനുള്ളിൽ കിടന്നു ഈച്ച ചത്താൽ അവയെ പുറത്തു കൊണ്ടിടുക എന്നത് മറ്റ്‌ ഈച്ചകൾക്കു അവരുടെ ജോലിഭാരം കൂട്ടും എന്നതിനാൽ ഈച്ചകൾ കൂട്ടിന് വെളിയിൽ നിന്നാണ് ചാവുന്നത്🐝

ഒരു ചെറുതേനീച്ച കോളനി നിന്നും എത്ര ലിറ്റർ തേൻ ലഭിക്കും ...?

സാധാരണ  300 - 400 ഗ്രാം മാത്രമാണ് ലഭിക്കാറ്‌ . എങ്കിലും കൂടിന്റെ വലിപ്പ വത്യാസവും കൂടിന്റെ അംഗബലവും അനുസരിച്ചു  500 ഗ്രാമിൽ കുടുതലും 1 kg കിലോഗ്രാം വരെ ലഭിച്ചവർ ഉണ്ട് .
  1 kg കിലോഗ്രാം തേൻ ലഭിക്കുന്നത് വളരെ അപൂർവം ആണ്.

ചെറുതേനീച്ച കോളനി  സെറ്റ് പിരിഞ്ഞു പോകുന്നത് എപ്പോൾ ആണ്...?


നവംബർ മുതൽ മെയ് വരെ ഉള്ള സമയങ്ങളിൽ ആണ് സാധാരണ സെറ്റ് പിരിഞ്ഞു പോകാറ്. നല്ല സ്ട്രോങ്ങ് കോളനിയിൽ നിന്നും മാത്രമേ സെറ്റ് പിരിഞ്ഞു പോകൂ. വർഷത്തിൽ ഒരു പ്രാവശ്യമേ സെറ്റ് പിരിഞ്ഞു പോകാൻ ചാൻസ് ഉള്ളൂ..

ഒരു വർഷത്തിൽ എത്ര പ്രാവശ്യം  ചെറുതേനീച്ചകൾ സെറ്റ് പിരിഞ്ഞു പോകും ...?

സാധാരണ ഒരു പ്രാവശ്യം ആണ് സെറ്റ് പിരിയുന്നത്. നല്ല സ്ട്രോങ്ങ് കോളനി ആണേൽ മാത്രമേ രണ്ടു പ്രാവശ്യം  സെറ്റ് പിരിയാറുള്ളു. രണ്ടിൽ കൂടുതൽ പ്രാവശ്യത്തിൽ അങ്ങനെ നടക്കാറില്ല. 

ചെറുതേനീച്ച കോളനി പിരിക്കുന്നത് എപ്പോൾ ...?


ഡിസംബർ മുതൽ ഏപ്രിൽ വരെ ആണ് ചെറുതേനീച്ച കോളനി സെറ്റ് പിരിക്കുന്നത്. പിരിക്കുമ്പോൾ ശ്രെദ്ധിക്കണ്ട കാര്യം പുതിയ മുട്ടകളും പഴയമുട്ടകളും പൂമ്പൊടിയും സ്വൽപ്പം തേൻ അറകളും കൃത്യമായി വെച്ചുകൊടുക്കുക. റാണി മുട്ട ഉണ്ടേൽ വെച്ചുകൊടുക്കാം ഇല്ലെങ്കിലും കുഴപ്പം ഇല്ല കൂട് വിജയിക്കും. 

ചെറുതേനീച്ചകൾ കൂട്ടിലെ താപനില നിയന്ത്രിക്കുന്നതെങ്ങനെ ...?

ചിറകടിച്ചാണ് ഈച്ചകൾ കൂട്ടിലെ താപനില നിയന്തിക്കുന്നതും തേനിലെ ജലാംശം വറ്റിച്ചു കളയുന്നതും. ഒരു തേനീച്ചക്ക് മിനുട്ടില്‍ ഏകദേശം 11,500 തവണ ചിറകിട്ടടിക്കാന്‍ കഴിയും.

ചെറുതേനീച്ച എത്ര സ്പീഡിൽ സഞ്ചരിക്കും...?

ഒരു ചെറുതേനീച്ചയുടെ പറക്കലിന്റെ പരമാവധി വേഗത മണിക്കൂറിൽ 29 കിലോമീറ്റർ ആണ് 🐝

കോളനി പിരിക്കുന്ന രീതി എങ്ങനെ ...?

നല്ല സ്ട്രോങ്ങ് കോളനി മാത്രമേ പിരിക്കാവൂ. പിരിക്കാൻ ഉദ്ദേശിച്ച കോളനിയിലെ ഈച്ചകളെ ആദ്യം കുപ്പിയിലോട്ടു മാറ്റുക. അതിനു ശേഷം കോളനിയിൽ തുറന്നു അതിൽ നിന്നും  പുതിയ മുട്ടകളും (brown)  പഴയമുട്ടകളും (white)  പൂമ്പൊടിയും സ്വൽപ്പം തേൻ അറകളും കൃത്യമായി എടുത്ത് പുതിയ ഒരു കൂട്ടിൽ വെക്കുക.റാണി മുട്ട ഉണ്ടെങ്കിൽ അതും വെക്കുക . എന്നിട്ടു പഴയ കൂട്  ഇരുന്ന സ്ഥലത്ത് വെക്കുകയും  പ്രവേശന കവാടത്തിൽ മെഴുകു തേക്കുകയും ചെയ്യണം. അതിനു ശേഷം പഴയ കൂട് കുറച്ചു ദൂരെയായി മാറ്റി സ്ഥാപിക്കുക . പഴയ കൂടിനു മുന്നിലായി കുപ്പിയിൽ പിടിച്ച ഈച്ചകളെ തുറന്നു വിടുക . പുതിയതായി സ്ഥാപിച്ച കൂട്ടിൽ പുറത്തുപോയ ധാരാളം ഈച്ചകൾ കാണും അവ ഈ പുതിയ കൂട്ടിൽ കയറിക്കോളും. ഇങ്ങനെ ചെയ്താണ് ഒരു ചെറുതേനീച്ച കോളനി പിരിക്കുന്നത്.
കോളനികൾ പിരിച്ച ശേഷം 3 ,4 ദിവസം ഉറുമ്പിന്റെ ശല്യം ഉണ്ടാകും. ഒരു കാരണവശാലും ഉറുമ്പു കയറാൻ പാടില്ല. ഉറുമ്പു കയറിയാൽ കൂട് നഷ്ടമാകും.

സ്ട്രോങ്ങ് കോളനി ആണോ എന്ന് എങ്ങനെ തിരിച്ചറിയാം...?


ചെറുതേനിച്ച കൂടിന്റെ പ്രവേശന കവാടത്തിലെ ഈച്ചകളുടെ എണ്ണം നോക്കി ഊഹിക്കാൻ സാധിക്കും. നല്ല സ്ട്രോങ്ങ് കോളനി ആണേൽ 7 -10 ഓളം ഈച്ചകളെ എപ്പോളും കാണാൻ സാധിക്കും. ഇതു കറക്റ്റ് ആകണം എന്നില്ല എങ്കിലും ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു.

കാലി കൂട് ഉണ്ടാക്കി വച്ചാൽ അതിൽ ചെറുതേനീച്ച താമസമാക്കുമോ ?


കലി കൂടുണ്ടാക്കി അതിന്റെ അകത്തും പ്രവേശന കവാടത്തിലെ മെഴുകു തേച്ചു വെച്ചാൽ സെറ്റ് പിരിഞ്ഞു വരുന്ന ഈച്ചകൾ താമസമാക്കാറുണ്ട്. എപ്പോളും ഇത് വിജയിക്കില്ല. എങ്കിലും അങ്ങനെ കോളനി സ്വന്തമായി കിട്ടിയ നിരവധി ആളുകൾ ഉണ്ട്.

തറ പൊളിച്ചോ , പൊളിക്കറായ കെട്ടിടത്തിലെയോ  കോളനി എങ്ങനെ പൊളിച്ചു എടുക്കാം ? എന്തൊക്കെ കാര്യങ്ങൾ നോക്കണം ? 

  ആദ്യം എത്ര കൂടുണ്ടെന്നു നോക്കുക. അത്രയും കൂടുകൾ റെഡി ആക്കി വെക്കുക.
അതിനു ശേഷം നിങ്ങൾ തന്നെ ആണ് പൊളിക്കുന്നതെങ്കിൽ വൈകുന്നേരം വെയിൽ താന്ന ശേഷം പൊളിക്കാൻ ശ്രമിക്കുക.ആദ്യം ശല്യക്കാരായ ഈച്ചകളെ കുപ്പിയിലാക്കി മാറ്റാം. അതിനു കല്ലോ ചുറ്റികയോ വെച്ച് മാതൃകോളനിയിൽ ഇടിച്ചാൽ മതി ഈച്ചകൾ പുറത്തുചാടും. അതിനെ കുപ്പിയിൽ ആക്കുക . അതിനു ശേഷം കല്ലുകൾ ശ്രദ്ധയോടെ ഇളക്കുക. മുട്ടയും ,പൂമ്പൊടിയും റാണി ഈച്ചയെയും എല്ലാം പുതിയ പെട്ടിയിൽ ആക്കുക. അതിനുശേഷം പെട്ടി അടച്ചു പ്രവേശന കവാടത്തിൽ മെഴുകു തേച്ചു അവിടെയോ അതിനടുത്തായി സ്വൽപ്പം ദുരത്തിലോ വെക്കുക എന്നിട്ടു കുപ്പിയിൽ ഉള്ള ഈച്ചകളെ അതിന്റെ മുന്നിൽ തുറന്നു വിടുക .വൈകുന്നേരം ആയതിനാൽ ഈച്ചകൾ പെട്ടന്ന് തന്നെ പെട്ടിയിൽ കയറും. അതിനു ശേഷം രാത്രിയിൽ കൂട് മാറ്റി സ്ഥാപിക്കാം.

ഇങ്ങനെ പൊളിച്ചെടുക്കുമ്പോൾ റാണിയെ കിട്ടാൻ ചിലപ്പോൾ സാധിക്കില്ല അല്ലെങ്കിൽ റാണി ചത്തുപോകുകയോ ചെയ്യും. അതുകൊണ്ടു പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈച്ചയുടെ പുതിയതും(brown) പഴയതുമായ(white)  മുഴവൻ മുട്ടകളും എടുക്കാൻ ആണ്. മുട്ടകൾ എല്ലാം ലഭിച്ചാൽ കൂട് വിജയിക്കാൻ ചാൻസ് കൂടുതൽ ആണ്. റാണി വേണമെന്ന് നിർബന്ധം ഇല്ല. എടുത്ത മുട്ടയിൽ എവിടേലും റാണി മുട്ട കാണും.

 അതിനു ശേഷം 3 ,4 ദിവസം ഉറുമ്പിന്റെ ശല്യം ഉണ്ടാകും. ഒരു കാരണവശാലും ഉറുമ്പു കയറാൻ പാടില്ല. ഉറുമ്പു കയറിയാൽ കൂട് നഷ്ടമാകും.

അടുത്ത് മൊബൈൽ ടവർ ന്റെ സാനിധ്യം ഉണ്ടെങ്കിൽ അത് ചെറു തേനീച്ചയുടെ വളർച്ചയെ സാരമായി ബാധിക്കുമോ..? ഇങ്ങനെ കേട്ടിട്ടുണ്ട് . സത്യമാണോ....?

എന്റെ അറിവിൽ  മൊബൈൽ ടവർ റേഡിയേഷൻ കാരണം തേൻ ശേഖരിക്കാൻ പോകുന്ന  ചെറുതേനീച്ചക്ക് തിരിച്ചു കുട്ടിലോട്ടു പോകാൻ ഉള്ള വഴി തെറ്റുന്നില്ല. ചെറുതേനീച്ചയെ ഈ പ്രശ്നം കാര്യമായി ബാധിക്കുന്നില്ല.
എങ്കിൽ വൻ തേനീച്ചയിൽ ഈ പ്രവേശനം കാണുന്നുണ്ട്. 
തേൻ ശേഖരിക്കാൻ പോകുന്ന ഈച്ചകൾ റേഡിയേഷൻ കാരണം തിരിച്ചു കൂട്ടിലോട്ടുള്ള വഴി തെറ്റിപോകുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞതായി ഞാൻ വായിച്ചിട്ടുണ്ട്.
കൂടുതലായി  ഇതിനെക്കുറിച്ചു അറിയില്ല.

ചെറുതേനീച്ചയുടെ കാലഘട്ടങ്ങൾ എങ്ങനെ  ആണ് ...?

ചെറുതേനീച്ച 3 കാലഘട്ടങ്ങൾ ആണ് ഉള്ളത്.  ക്ഷാമകാലം,വളർച്ചാകാലം,തേൻ കാലം. 
ജൂൺ മുതൽ സെപ്തംബര് വരെ ക്ഷാമകാലം
സെപ്റ്റംബർ മുതൽ നവംബർ വരെ വളർച്ചാകാലം
ഡിസംബർ മുതൽ മെയ് വരെ തേൻ കാലം  ഇങ്ങനെ ആണ്...

നമ്മുടെ നാട്ടിലെ കാലാവസ്ഥക്കനുസരിച്ചു ഈ കാലഘട്ടങ്ങളിൽ മാറ്റം വരാറുണ്ട്.

തേനീച്ച പെട്ടികളുടെ പ്രവേശന കവാടം ഏതു ദിശയിൽ വെക്കണം ...??

കിഴക്ക്. കാരണം സൂര്യൻ ഉദിച്ചുവരുമ്പോൾ തന്നെ സൂര്യ പ്രകാശം ഈച്ചകളുടെ കൂട്ടിൽ എത്തുകയും. വെളുപ്പിനെ തന്നെ തേൻ ശേഖരിക്കൽ തുടങ്ങുന്നതിനും വേണ്ടിയാണ് കിഴക്കോട്ട് വെക്കുന്നത്. ഈച്ചകൾ അതിരാവിലെ തന്നെ ജോലികൾ തുടങ്ങുന്ന സ്വഭാവക്കാർ ആണ്.


ചെറുതേനീച്ച കോളനി കൂടിന്റെ വാ വശം ഈച്ച മെഴുകു വെച്ച് അടച്ചു വെച്ചിരിക്കുന്നു. എന്തായിരിക്കും ഇതിനു കാരണം ?

കെണിക്കുട് വെക്കുമ്പോഴും സെറ്റ് പിരിക്കുമ്പോളും ഈച്ചകൾ ഇങ്ങനെ ചെയ്യുന്നതായി കാണുന്നുണ്ട്. 2 ,3 ദിവസത്തിനു ശേഷമോ ചിലപ്പോൾ ഒരാഴ്ചക്ക് ശേഷമോ ഈച്ചകൾ അടച്ച പ്രവേശന കവാടം തുറന്നു പുറത്തുവരും. ഈച്ചകൾ അവയുടെ ജോലി തുടരുകയും ചെയ്യും... 

ഈച്ചകൾ വളരെ കുറവ് കാരണം പുറത്തുനിന്നും മറ്റു ജീവികളുടെ ആക്രമണം ഉണ്ടാകാതിരിക്കാനും ഇങ്ങനെ ചെയ്യും.
ചിലപ്പോൾ പേടിച്ചിട്ടാകാം ഈച്ചകൾ ഇങ്ങനെ ചെയ്യുന്നത്.
അല്ലെങ്കിൽ ഈച്ചകൾ വളരെ കുറവ് കാരണം താപനില നിയന്ത്രിക്കാൻ സാധിക്കാത്തതുകൊണ്ടും പ്രവേശന കവാടം അടച്ചു വെക്കാം.   

റാണി ഇല്ലാത്ത ഒരു കോളനി മുട്ടകളും ഇല്ല ഈച്ചകൾ കുറച്ചുമാത്രം  ഇങ്ങനെ ഉള്ള കോളനി എങ്ങനെ രക്ഷപെടുത്തി എടുക്കാം..?

ചിലപ്പോൾ ഈ കൂട്ടിൽ ഉണ്ടായിരുന്ന മുട്ടയെല്ലാം വിരിഞ്ഞതാവാം.
സൂക്ഷ്മമായി പരിശോദിച്ചു കൂട്ടിൽ റാണി ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിലും ഉണ്ടെങ്കിലും മറ്റൊരു കൂട്ടിൽ നിന്നും പുതിയ മുട്ടകളും (brown)  പഴയമുട്ടകളും (white) എടുത്ത് കൊണ്ടുവന്ന് ഈ കുട്ടിൽ വെക്കണം. റാണി മുട്ട ഉണ്ടെങ്കിൽ അതും വെക്കാം.
എന്നിട്ട് മറ്റൊരു പ്രകൃതിദത്ത  കോളനി(മതിലിലും ചുമരിലും കാണുന്ന )കളിൽ നിന്ന് ഈച്ചക്കളെ  ബോട്ടിലിലാക്കി പുതിയ കൂട്ടിലേക്ക് കൊടുക്കണം അങ്ങനെ കോളനിയെ രക്ഷപെടുത്തി എടുക്കാം.


പുറത്ത് നിന്നും ഈച്ചകളെ കൊണ്ടുവന്ന് വിട്ടാൽ രണ്ട് കൂട്ടിലെ ഈച്ചകൾ തമ്മിൽ കടിച്ച് ചാകും അതൊഴിവാക്കാൻ ഈച്ചകളെ കുപ്പിയിൽ ആക്കി കൊണ്ടുവന്ന ശേഷം ആ കുപ്പിക്കകത്തോട്ടു ചെറുതായി വെള്ളം സ്പ്രേ ചെയ്യുക. എന്നിട്ടു കുലിക്കിയാൽ ഈച്ചകളുടെ ചിറകിൽ എല്ലാം വെള്ളം പറ്റി ഈച്ചകൾ ഒരു ബോൾ പോലെ ആകും. ആ ഈച്ചകളെ നമ്മൾ കൂട്ടിനകത്തൊട്ടു കുടഞ്ഞിടുക. ഈച്ചകൾ പറന്നു പോകില്ല. തമ്മിൽ തല്ലി ചാകില്ല. ചിറകിൽ പറ്റിയ വെള്ളം കുടഞ്ഞുകളഞ്ഞു ഈച്ചകൾ സമയം കളഞ്ഞോളും.

റാണിസെല്‍ ഇല്ലാതെ ചെറുതേനീച്ച കോളനി പിരിച്ചുവെച്ചാല്‍ വിജയിക്കുമോ ?

വിജയിക്കും. പക്ഷെ പലരും പറയുന്നത് വിജയിക്കില്ല എന്നാണ്.
പക്ഷെ പലർക്കും വിജയിച്ചിട്ടും ഉണ്ട് . അവർക്കാർക്കും എങ്ങനെ റാണി ഉണ്ടായി എന്നറിയില്ല.
ശെരിക്കും സംഭവിക്കുന്നത്.
റാണി കൂട്ടിൽ ഉള്ളപ്പോൾ പുറപ്പെടുവിക്കുന്ന ഒരു ഫെറമോൺ  നിന്റെ മണം  ഉണ്ട്. റാണി കൂട്ടിൽ ഉണ്ട് എന്ന് മറ്റു ഈച്ചകൾക്ക് മനസിലാകാൻ. ഈ ഫെറമോൺ മണം ഇല്ലാതായാൽ ഈച്ചകൾക്ക് മനസിലാകും റാണി നഷ്ടപ്പെട്ടു എന്ന് . ഈ സാഹചര്യത്തിൽ റാണി ഇട്ട പുതിയ മുട്ടകൾ ഉണ്ടല്ലോ അവയിൽ നിന്നും സെലക്ട് ചെയിത മുട്ടയിൽ  റോയൽജെല്ലി മാത്രം കൊടുത്ത് റാണിയെ വളർത്തിയെടുക്കും.


അതുകൊണ്ടാണ് സെറ്റ് പിരിക്കുമ്പോൾ എല്ലാ പ്രായത്തിലും ഉള്ള മുട്ട നിർബന്ധമായും ഉണ്ടായിരിക്കണം എന്ന് പറയുന്നത്. റാണിമുട്ട ഇല്ലങ്കിൽ പോലും ഈ പറഞ്ഞരീതിയിൽ ഈച്ചകൾക്ക്  റാണിയെ ഉണ്ടാക്കി എടുക്കാൻ സാധിക്കും.

തേൻ എടുക്കുമ്പോൾ ശ്രെദ്ധിക്കണ്ട കാര്യം...? 

പൂമ്പൊടിയും മുട്ടയും തേനും ഒരുമിച്ചുള്ള ഭാഗത്തെ തേനറകൾ എടുക്കാതിരിക്കാൻ ശ്രെമിക്കുക. തേൻ അറകൾ മാത്രം ആയി ഇരിക്കുന്ന ഭാഗത്തെ തേൻ എടുക്കുക. അപ്പോൾ ശുദ്ധമായ തേൻ ലഭിക്കും.
ഇല്ലെങ്കിൽ മുട്ടയും പൂമ്പൊടിയും കലർന്ന് തേൻ കലങ്ങുകയും ആ തേൻ ഒരുപാടുനാൾ സൂക്ഷിച്ചു വെക്കാൻ സാധിക്കാതെ പുളിച്ചു പോകുകയും ചെയ്യും.

തടി, കലം, PVC ഏതു കൂടാണ് കൂടുതൽ നല്ലത്..? ഏത് കൂട്ടിൽ നിന്നും ആണ് കൂടുതൽ തേൻ ലഭിക്കുക...?


നല്ല ശക്തമായ കോളനി ആണേൽ ഏതിലാണെലും നല്ലപോലെ തേൻ ലഭിക്കും.ചിലർക്ക് മുളം കൂടിൽ ആണ് നല്ലപോലെ തേൻ കിട്ടുന്നത്. അതുപോലെ ചിലർക്ക് കലത്തിൽ നിന്നും തടിക്കുടിൽ നിന്നും 1 ലിറ്റർ തേൻ വരെ ലഭിച്ചിട്ടുണ്ട് . കൈകാര്യം ചെയ്യാൻ എളുപ്പം തടി പെട്ടിയാണ്.പിവിസി പൊതുവെ ചൂട് കൂടുതൽ ആണ്.കലത്തില്‍ നിന്നും തേന്‍ എടുക്കാന്‍ പ്രയാസമാണ്.

ചെറുതേൻ  ഏത്  മാസത്തിൽ  ആണ്  എടുക്കുന്നത്...?

മാർച്ച് ഏപ്രിൽ മാസങ്ങളിൽ ആണ് എടുക്കുന്നത്. 
ഏപ്രിൽ അവസാനമായി എടുത്താൽ ധാരാളം തേൻ ലഭിക്കുന്നതായി കാണുന്നു.കാരണം ഡിസംബർ മുതൽ ഏപ്രിൽ അവരെ ആണ് തേൻ കാലം . അതുകൊണ്ടു ഏപ്രിൽ അവസാനം എടുക്കുന്നതാകും വളരെ നല്ലത്. 

ചെറു തേൻ എടുക്കാൻ പറ്റിയ സമയം (രാവിലെ ആണോ വൈകിട്ട് ആണോ )...?

ഞാൻ ഉച്ചകഴിഞ്ഞു 2 - 3 pm ഈ സമയത്താണ് എടുക്കാറ്. പക്ഷെ എടുക്കുന്ന പെട്ടി തണലത്ത് കൊണ്ടുപോയി വെച്ചനാണ് എടുക്കാറ്. 
വെയില് താഴ്ന്ന സമയം ആയതുകൊണ്ട് ഈച്ചകൾ ഒരുപാടു നേരം പുറത്ത് പറന്നു നടന്നു ചൂടടിച്ചു ചാകില്ല. 
ഈ സമയങ്ങളിൽ എടുത്ത തേൻ അറകൾ വെയിലത്ത് വെച്ചാൽ അറകൾ ഉരുകി തേൻ കിട്ടുകയും ചെയ്യും തേൻ ചൂടാകാത്തതും ഇല്ല. കാരണം വെയിലിനു ചൂട് കുറഞ്ഞുവരുന്നതുകൊണ്ട് .
വൈകുന്നേരം ആകുന്നതോടെ ഈച്ചകൾ പെട്ടന്ന് കൂട്ടിൽ കയറുകയും ചെയ്യും....എന്റെ രീതി ഇങ്ങനെ ആണ്...
രാവിലെയും ഉച്ചക്കും വൈകിട്ടും ഒക്കെ സാധാരണ എല്ലാവരും തേൻ എടുക്കാറുണ്ട്. ഇതൊക്കെ എടുക്കുന്ന ആളുടെ സമയവും സൗകര്യവും അനുസരിച്ചു ചെയ്യുക.

തേനിന്റെ അടിയിൽ പഞ്ചസാര പോലെ  കട്ടയായി കിടക്കുന്നു  എന്ത് കൊണ്ടാണ് ..?

തേനിന്റെ സ്വഭാവം ആണ് ക്രിസ്റ്റൽ ആകുവാ എന്നത്...

പഞ്ചസാര പോലെ കട്ടി ആകും തേൻ. അതുകണ്ടു പലരും തെറ്റിദ്ധരിക്കാറുണ്ട്. നല്ല ശുദ്ധമായ തേൻ തന്നെ ആണ് അത്.

ചെറുതേനീച്ചക്കൂട് വിഭജിച്ചു കഴിഞ്ഞു  അല്ലെങ്കിൽ തേൻ എടുത്ത് കഴിഞ്ഞു  ഉറുമ്പു കയറാതിരിക്കാൻ ഉളള പ്രതിവിധി? 

ഉറുമ്പു കയറാതിരിക്കാൻ മണമില്ലാത്ത ഉറുമ്പുപൊടി മേടിക്കാൻ കിട്ടും അതുപയോഗിക്കുക.
അല്ലെങ്കിൽ ചോക്ക് വരക്കുക....
കൂടുകൾ കെട്ടി തൂക്കി ഇടാൻ ശ്രമിക്കുക. കെട്ടിത്തൂക്കി ഇടുന്ന കോളനികളിൽ ഉറുമ്പിനെ ഒഴിവാക്കാൻ എളുപ്പമാണ്.  എന്നിട്ടു ആ വള്ളിയിൽ സ്വൽപ്പം തുണി ചുറ്റി അതിൽ മണ്ണണ്ണയോ , ഓയിലോ അല്പം ഡെറ്റോൾ തുണിയിൽ പുരട്ടി കയറിന് ചുറ്റും മുകളിലായി കെട്ടി വച്ചാലും മതി . 
ഒരുപാട് മാർഗങ്ങൾ ഇല്ലേ അവന്റെ അവന്റെ ഐഡിയ അനുസരിച്ചു ചെയ്യുക.

ഏത് ഈച്ചയുടെ കുടാണേലും തേൻ എടുത്ത ശേഷം ആദ്യത്തെ 3,4 ദിവസം ഉറുമ്പിൽ നിന്നും സംരക്ഷിച്ചെ മതിയാകു.

ചെറുതേനീച്ചയുടെ പ്രവേശന കവാടം അവ മെഴുകു വെച്ചല്ല പണിയുന്നത് അപ്പോൾ ഉറുമ്പു കൂട്ടിൽ കയറാൻ ചാൻസ് കുടുതലല്ലേ...?


മെഴുകു വെച്ച് തന്നെ ആണ് പണിയുന്നത്. പക്ഷെ ഈച്ചകൾ പണിത ആ കവാടത്തിന്റെ പുറത്തതായി ചാണകം , ഗ്രീസ് , ഓയിൽ , വളർത്തു മൃഗങ്ങളുടെ വിസർജ്യങ്ങൾ , വളർത്തു മൃഗങ്ങളുടെ രോമങ്ങൾ എന്നിവ കൊണ്ട് വെക്കും. ഇങ്ങനെ ചെയ്താൽ ഇവയുടെ നാറ്റം കാരണം ഉറുമ്പുകളും മറ്റും അടുത്ത് വരില്ല. അതുകൊണ്ടാണ് സെറ്റ് ആയിക്കഴിഞ്ഞ  കൂട്ടിൽ ഉറുമ്പു കയറാത്തത്.  

എങ്ങിനെ ഒരു ചെറുതേനീച്ച കോളനി ഒരു സ്ഥലത്തുനിന്നും ദുരെ ഒരു സ്ഥലത്തേക്ക്  ഷിഫ്റ്റ് ചെയ്യാം...? 

ചെറുതേനീച്ച ആണേലും വൻ തേനീച്ച ആണേലും രാത്രിയിൽ മാത്രമേ കൊണ്ട് പോകാവൂ. കൂട് ഒരുപാട് കുലുങ്ങി ഈച്ചകൾക്കു ഇളക്കം തട്ടാതിരിക്കാൻ ശ്രമിക്കുക. കൂടിന്റെ പ്രവേശന കവാടം അടച്ചു വെക്കണം. നേരം വെളുക്കുന്നതിനു മുൻപുതന്നെ ലക്ഷ്യ സ്ഥാനത്ത് കൂട് സ്ഥാപിക്കുക. അടച്ച പ്രവേശന കവാടം തുറന്നു കൊടുക്കുക. രാവിലെ മുതൽ ഈച്ചകൾ അവയുടെ ജോലി തുടങ്ങിക്കോളും.

റാണിക്ക് പറക്കാൻ ഉള്ള കഴിവില്ല പിന്നെ എങ്ങനെ ആണ് ചെറുതേനീച്ച കൂടുപേക്ഷിച്ചു പോകുന്നത് ...?

അതിന്റെ കൂടിന്റെ നിലനിൽപ്പിനു ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ ( കൂട്ടിൽ മഴപെയ്യുമ്പോൾ വെള്ളം കയറുക , ഈച്ചകളെ എന്തേലും ജീവികൾ ആക്രമിക്കുക , ദിവസവും ആളുകളുടെ ശല്യം ഉണ്ടാകുക,അവ താമസിക്കുന്ന കൂടിനുള്ളിൽ സ്ഥലം ഇല്ലാതാകുക , etc ...) വേലക്കാരി ഈച്ചകൾ  റാണി ഈച്ചയെ കൊന്നുകളയും. എന്നിട്ടു പുതിയ ഗൈനിയെ (പറക്കാൻ കഴിവുള്ള ഇണ ചേരാത്ത റാണി ഈച്ച ) ഉണ്ടാക്കി അതിനോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് പോകുകയാണ് ചെയ്യുന്നത്.
ഒരു കോളനി നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വേലക്കാരി ഈച്ചകൾ ആണ്.   

ചെറുതേൻ  ഇപ്പോൾ വില എത്ര ആണ് ...?

ചെറുതേൻ ഓരോ ജില്ലയിലും ഓരോ വിലയാണ്.
എല്ലാ ജില്ലകളിലും 2000 - 2500 നു മുകളിലോട്ടാണ് ഇപ്പോളത്തെ വില.
5500 രൂപക്ക് വരെ വിൽക്കുന്നവർ ഉണ്ട്.
ചില്ലറയായി കൊടുക്കുവാണേൽ 100 മില്ലിക്ക്  300 - 350 - 400 രൂപ നിരക്കിൽ കൊടുക്കാം. അങ്ങനെ കൊടുക്കുമ്പോൾ ഒരു ലിറ്റർ 1000 മില്ലിക്ക്  3500 - 4000 രൂപ വരെ കിട്ടും. 

എത്ര രൂപക്ക് കൊടുത്തലും ആളുകൾ വാങ്ങും. കാരണം ശുദ്ധമായ ചെറുതേൻ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥ ആണ്.മരണം ഒഴിച്ചുള്ള എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്നാണ് ചെറുതേൻ.ഇപ്പോൾ ക്യാൻസർ രോഗികൾ കിമോ കഴിഞ്ഞു മുടി കിളിർക്കാനും നശിച്ച കോശങ്ങൾ പെട്ടന്ന് കിളിർക്കാനും ചെറുതേൻ ആണ് കഴിക്കുന്നത്. ചെറുതേൻറെ ആവശ്യകത ദിവസത്തിന് ദിവസം കൂടി വരുകയാണ്.നിങ്ങൾക്ക് ഇഷ്ടം ഉള്ള  ന്യായമായ വിലക്ക് വിൽക്കുക.

ചെറുതേനീച്ച കോളനികൾ അടുത്തടുത്ത് വെച്ചാൽ കുഴപ്പമുണ്ടോ ?


അടുത്തടുത്ത് വൈക്കുന്നതുകൊണ്ടു കുഴപ്പമില്ല. രണ്ടു കൂടുകളുടെ പ്രവേശന കവാടം തമ്മിൽ കുറഞ്ഞത് ഒരടി അകലം മതിയാകും.

മുളകുടുകൾ ഉപയോഗിക്കുമ്പോൾ...?

മുള കൂടുകൾ ഉപയോഗിക്കുന്നവർ പച്ച മുള (കല്ലൻ മുള) മാത്രം ഉപയോഗിക്കുക. നല്ലപോലെ മൂത്ത പച്ച മുള (കല്ലൻ മുള) 10,15 കൊല്ലം ഉപയോഗിക്കാൻ സാധിക്കും.
ഒരു മീറ്റർ നീളത്തിൽ മുറിച്ചു നല്ലപോലെ വെയിലത്തിട്ടു ഉണക്കിയ ശേഷം രണ്ടായി മുറിച്ചിട്ട് ചേർത്ത് വച്ച് ഈച്ചയെ വളർത്താം.


മഞ്ഞ മുള ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. മഞ്ഞ മുള പെട്ടന്ന് നശിച്ചു പോകും.


PVC , പ്ലാസ്റ്റിക് കൂടുകൾ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം...?

തേനിന് അകീരണ ശക്തി കൂടുതൽ ആണ്. അതുകൊണ്ടു തേൻ PVC , പ്ലാസ്റ്റിക് എന്നിവയിലെ കെമിക്കൽ വലിച്ചെടുക്കും. ഈ കെമിക്കലിന് കാൻസർ പോലെ മാരകമായ അസുഖങ്ങൾ നമ്മളിൽ ഉണ്ടാക്കാൻ സാധിക്കും അതുകൊണ്ടു ശാസ്ത്രീയമായ രീതിയിൽ ഉണ്ടാക്കാത്ത ഒരു PVC , പ്ലാസ്റ്റിക് കൂടുകളിലും തേനീച്ചകളെ വളർത്തരുത്.

ചെറുതേനീച്ചകൾക്ക് 36 ഡിഗ്രി താഴെ ഉള്ള ചൂടിനെ മാത്രമേ അതിജീവിക്കാൻ സാധിക്കു. ഇപ്പോൾ നമ്മുടെ നാട്ടിലെ ചൂട് 38 ഡിഗ്രിക്ക് മുകളിൽ ആണ്. ഈ സാഹചര്യത്തിൽ PVC , പ്ലാസ്റ്റിക് കൂടുകളിൽ ചൂടടിച്ചു ഈച്ചകൾ ചാകാൻ ചാൻസ് ഉണ്ട് . അല്ലെങ്കിൽ ചൂട് സഹിക്കാൻ വയ്യാതെ കുടുപേക്ഷിച്ചു പോകും. മറ്റൊരു കുഴപ്പം ചൂട് കൂടുതൽ കാരണം തേൻ അറകൾ പൊട്ടി ഒലിക്കും. ഇങ്ങനെ സംഭവിച്ചാലും ഈച്ചകൾ കുടുപേക്ഷിച്ചു പോകും.    

എല്ലാവരും തടി കൂടോ, മുളം കൂടോ , ചെടിച്ചട്ടി, കലം etc എന്നിങ്ങനെ ഉള്ള കൂടുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.   

കെണിക്കൂട് സ്ഥാപിക്കുമ്പോൾ ഉപയോഗിക്കുന്ന പൈപ്പ് ഏതുതരം...?

8 mm ഘനം ഉള്ള മേസ്തിരിമാർ വാട്ടർ ലെവൽ നോക്കുന്ന പൈപ്പ് ആണ് ഉപയോഗിക്കുന്നത്. അതിന്റെ നീളം കുറഞ്ഞത് 40 cm വേണം. വേണമെങ്കിൽ നിങ്ങളുടെ സാഹചര്യം അനിസരിച്ചു നീളം കൂട്ടി ഇടം.  ഒരിക്കലും ഒരു മീറ്ററിൽ കൂടുതൽ നീളം ഇടാൻ പാടില്ല.  

കെണിക്കൂടിൻറെ  പൈപ്പിന്റെ നീളം കൂടിയാൽ കുഴപ്പം ഉണ്ടോ ...?

ഇല്ല. കെണിക്കൂട് വെക്കുന്ന പൈപ്പിന്റെ നീളം 
40 cm ആണ്. പക്ഷെ നിങ്ങൾക്ക് സാഹചര്യം അനുസരിച്ചു നീളം കൂട്ടി ഇടാം .  
കെണിക്കൂട് വെക്കുന്ന പലരും മാതൃകോളനിയിലെ സ്ഥലക്കുടുതൽ കാരണം പരാജപ്പെടുന്നു. ഇതു ഒഴിവാക്കാൻ നീളം കൂട്ടി ഇടുകയല്ലാതെ വേറെ വഴിയില്ല. ഇങ്ങനെ ഉള്ള പരാജയം ഒഴിവാക്കാൻ ഞാൻ  90 cm  നീളത്തിൽ ആണ് ട്യൂബ് ഇട്ടിരിക്കുന്നത്.  നീളക്കൂടുതൽ കാരണം ഈച്ചകൾ മാതൃകോളനിയിൽ പോയിവരുന്നതിന്റെ ബുദ്ധിമുട്ടു കൊണ്ട് കെണിക്കുടിൽ താമസിക്കാൻ നിർബന്ധിത ആകും. അങ്ങനെ കെണിക്കൂട് വിജയിക്കും.

വെയിൽ ഉള്ളടുത്ത് 90 cm   നീളത്തിൽ പൈപ്പ് ഇട്ടാൽ ഈച്ചകൾ ചൂടടിച്ചു ഇത്രെയും  ദൂരം പൈപ്പിൽ കൂടി സഞ്ചരിച്ചു ചത്തുപോകാൻ ഇടയായേക്കും.അതൊഴിവാക്കാൻ. കറുത്ത ഇൻസുലേഷൻ ടേപ്പ് ഓ  അല്ലെങ്കിൽ അലുമിനിയും ഫോയിലോ , പത്ര പേപ്പറോ കട്ടിക്ക് ചുറ്റുകയോ ചെയ്യുക.  സുരക്ഷിതമായ രീതിയിൽ ചെയ്യാൻ ശ്രമിക്കുക. 

കെണിക്കൂട് എത്രനാൾ കൊണ്ട് വിജയിക്കും ...?

സാധാരണ കെണിക്കൂട് വിജയിക്കാൻ  6 - 8 മാസം ആണ് എടുക്കാറ്. ചിലപ്പോൾ  3 - 4 മാസം കൊണ്ടും വിജയിക്കാറുണ്ട്. ചിലപ്പോൾ ഒരുകൊല്ലം ഇരുന്നാലും വിജയിക്കില്ല.എല്ലാം നിങ്ങളുടെ ഭാഗ്യം പോലെ 
    കെണിക്കൂട് എപ്പോൾ ആണ് വെക്കേണ്ടത് ...?

കെണിക്കൂട് വെക്കുന്നതിനു സീസോണോ കാലമോ ഒന്നും ഇല്ല. എപ്പോൾ നിങ്ങൾ ഒരു പ്രകൃതിദത്ത കോളനി കാണുന്നോ അപ്പോൾ തന്നെ കെണിക്കൂട് സ്ഥാപിക്കാം. 

എപ്പോൾ സ്ഥാപിച്ചാലും അത് രാത്രയിൽ ആയിരിക്കണം. ഈച്ചകൾ രാവിലെ മുതൽ കെണിക്കൂടിൽ കൂടി കയറി ഇറങ്ങി വേണം ഒരു ദിവസം തുടങ്ങാൻ. പകൽ സ്ഥാപിച്ചാൽ പുറത്തു പോയ ഈച്ചകൾ തിരിച്ചു കയറാൻ മടി കാണിക്കും. ചിലപ്പോൾ തിരിച്ചു കയറി ഇല്ല എന്നും വരും.
   
പുതിയ കെണിക്കൂട്  ഇന്നലെ രാത്രിയിൽ വച്ചു. പക്ഷെ കെണിക്കൂടിൽ നിന്നും ഈച്ചകൾ പുറത്തേക്കു വരുന്നില്ല. പരിഹാരം...?

ട്യൂബിൽ കൂടി ഈച്ചകൾ കെണിക്കുട് വരെ വരുന്നുണ്ടെങ്കിൽ കുഴപ്പം ഒന്നും ഇല്ല. ഈച്ചകൾ പേടിച്ചിട്ടാണ് പുറത്തു വരാത്തത്. ഒരു ദിവസത്തിനു ശേഷം എല്ലാം ശെരിയാകും.
ഈച്ചകൾ ട്യൂബിൽ കൂടി വരുന്നില്ലെങ്കിൽ മാതൃകോളനിയിലെ പ്രേവേശന ദ്വാരം അടഞ്ഞതാകാം. അത് വീണ്ടും ഇളക്കി നോക്കുക .

കെണികൂടിൽ മുട്ട ഇടാൻ തുടങ്ങിയാൽ പിന്നെ റാണി തിരിച്ചു മാതൃ കോളനിയിൽ  പോകാറുണ്ടോ?

ഇല്ല.
ഒരു പ്രാവശ്യം കെണികൂടിൽ ഇറങ്ങിവരുന്ന റാണി തിരിച്ചു പോകില്ല എന്ന് വിചാരിക്കുന്നു.
കെണിക്കൂടുകൾ എല്ലാ മാസവും ഒരു പ്രാവശ്യം തുറന്നു നോക്കും വിജയിച്ചാൽ അപ്പോൾ തന്നെ മാറ്റിവെക്കുകയാണ് ചെയ്യാറ്.  സ്ഥിരമായി അവിടെ വെക്കുന്നില്ലലോ. അതുകൊണ്ടു തിരിച്ചു പോകാൻ ഉള്ള ചാൻസ് കൊടുക്കുന്നില്ല കിട്ടുന്നില്ല എന്ന് വിചാരിക്കാം.  

ഈച്ചകൾ കൂട്ടത്തോടെ യുദ്ധം ചെയ്‌തു ചത്തു വീഴുന്നു...?

സെറ്റ് പിരിഞ്ഞു വരുന്ന ഈച്ചകൾ അംഗബലം കുറഞ്ഞ  കൂടുകൾ  കൈയ്യടക്കാൻ ഒള്ള യുദ്ധം ആണ് കൂടുതലായും ഇങ്ങനെ കണ്ട് വരുന്നത്. ഈ സാഹചര്യത്തിൽ ഒരു പുതിയ കൂടു അടുത്തു വെച്ചുകൊടുക്കയാണ് വേണ്ടത്. എന്നിട്ടു ആ കൂടിന്റെ പ്രേവേശന കവാടത്തിൽ തേൻ മെഴുകു പുരട്ടുകയും വേണം.  എന്നിട്ടു രാത്രി പഴയ കൂട് അവിടെ നിന്നും മാറ്റി കുറച്ചു ദൂരെയായി സ്ഥാപിക്കണം. അങ്ങനെ ചെയ്താൽ ഈ സെറ്റ് പിരിഞ്ഞു വന്ന ഈച്ചകൾ ഈ പുതിയ കൂട്ടിൽ സ്ഥിരതാമസം ആക്കും. അങ്ങനെ പുതിയ ഒരു കോളനി സ്വന്തമായി ലഭിക്കും 
പലരും പരീക്ഷിച്ചു വിജയിച്ചതാണ് ഈ രീതി. 

ചെറുതേനീച്ച കൂടിന് മുന്നിൽ പകൽ സമയമത്രയും ഈച്ചകൾ വട്ടമിട്ട് പറക്കുന്നത് എന്ത് കൊണ്ടാണ്?

ഒരു പുതിയ ഗൈനിയുമായി (റാണി)  ഇണ ചേരാനും, സെറ്റ് പിരിഞ്ഞു പോകാനും വേണ്ടിയും ഇങ്ങനെ കൂട്ടം കൂടി കൂടിനു മുന്നിൽ  ഈച്ചകൾ പറക്കാറുണ്ട്. 
സെറ്റ് പിരിഞ്ഞു വരുന്ന ഈച്ചകൾ അംഗബലം കുറഞ്ഞ  കൂടുകൾ  കൈയ്യടക്കാൻ ഒള്ള യുദ്ധം ഇങ്ങനെ കണ്ട് വരുന്നുണ്ട്. 
രണ്ടു കോളനികൾ അടുത്തിരുന്നാലും ഇതുപോലെ സംഭവിക്കും.
ചൂട് കൂടിയാൽ ഈച്ചകൾ  ഇങ്ങനെ കൂടിനു പുറത്ത് വട്ടം ഇട്ടു പറക്കാറുണ്ട്. പക്ഷെ  അടിവെച്ചു ചാകാറില്ല.വെയിലുകൊണ്ടു ചത്തുവീഴാറുണ്ട്.  വെയില് താഴ്ന്നു  കഴിയുമ്പോൾ ബാക്കി ഈച്ചകൾ കൂട്ടിൽ കയറും.
മഴ,  ഉറുമ്പിന്റെ ആക്രമണം, ഈ സാഹചര്യങ്ങളിൽ കുടുപേക്ഷിച്ചു പോകുകയാണ് ചെയ്യാറ്. 

പൂമ്പൊടിയും തേനും കെണിക്കുടിൽ  ഉണ്ട് കൂട് വിജയിച്ചോ ...?

ഇല്ല. ആ കൂട് വിജയിക്കും കുറച്ചു നാളുകുടി (3, 4 മാസം) അവിടെ അതുപോലെ വെക്കണം .റാണി ഇറങ്ങി വന്നു മുട്ടയിടുന്നതിനു മുൻപ് ആണ് ഈച്ചകൾ ആ കൂട്ടിൽ പൂമ്പൊടിയും തേനും ശേഖരിക്കാൻ തുടങ്ങുന്നത്... അതിനു ശേഷമേ റാണി ഇറങ്ങിവന്നു മുട്ടയിടുകയുള്ളു. റാണി മുട്ടയിട്ടാലേ കൂട് വിജയിക്കൂ... 

കെണിക്കൂട് വിജയിച്ചു എന്ന് എങ്ങനെ മനസിലാകും ...?

കെണിക്കൂട്  വിജയിച്ചോ എന്നറിയാൻ ഓരോ മാസവും ഒരു തവണ തുറന്നു നോക്കണം. അതിൽ പുതിയ മുട്ടകൾ കാണുകയാണെങ്കിൽ കൂട് വിജയിച്ചു എന്നാണ് അർഥം. റാണി മാതൃകോളനിയിൽ നിന്നും ഇറങ്ങി വന്നു മുട്ടായിട്ടാലേ കെണിക്കൂട് വിജയിക്കൂ. അങ്ങനെ ഉള്ള കൂട് മാറ്റി സ്ഥാപിക്കാം  

കെണിക്കൂടുകൾ തുറന്നു നോക്കാൻ പറ്റിയ സമയം എപ്പോൾ ആണ്..?


വൈകുന്നേരം 4,5 മണിക്ക് ശേഷം തുറന്നു നോക്കുന്നതാണ് നല്ലത്. തുറന്നു നോക്കുമ്പോൾ പുറത്ത് ചാടുന്ന ഈച്ചകൾ വൈകുന്നേരം ആയതിനാൽ പെട്ടന്ന് തന്നെ കൂട്ടിൽ തിരിച്ചു കയറും.  നട്ടുച്ചക്കും രാവിലെയും ഒകെ തുറന്നാൽ പുറത്തുചാടുന്ന ഈച്ചകൾ ഒരുപാടുനേരം കൂട്ടിൽ കയറാതെ പറന്നു നടക്കുകയും അടിയുണ്ടാക്കുകയും വെയിലും കൊണ്ടും ഒക്കെ ചാകും അത് ഒഴിവാക്കാൻ വൈകുന്നേരം ആണ് വളരെ നല്ലത്. 

വിജയിച്ച കെണിക്കൂട് മാറ്റി സ്ഥാപിക്കാൻ എന്ത് ചെയ്യണം...?

വിജയിച്ച കെണിക്കൂട് മാറ്റി സ്ഥാപിക്കുന്നതിന് മുൻപ് വൈകുന്നേരം 4 മണിയോടുകൂടി മാതൃകോളനിയിൽ നിന്നും ഉള്ള പൈപ്പ് ഊരിവിടുക. അതിനു ശേഷം മാതൃകോളനിയുടെ കല്ലിൽ ചുറ്റിക ഉപയോഗിച്ചോ കല്ലുപയോഗിച്ചോ കുറെ നേരം ശക്തിയായി ഇടിക്കുക. അപ്പോൾ മാതൃകോളനിയിൽ ഉള്ള ഈച്ചകൾ പുറത്തുചാടും. അങ്ങനെ ഈച്ചകളെ പുറത്തുചാടിച്ച ശേഷം മാതൃകോളനിയിലെ പ്രവേശന കവാടം അടച്ചുവെക്കുക. അങ്ങനെ ചെയ്യുമ്പോൾ ഈ പുറത്തുചാടി ഈച്ചകൾ മുഴുവനും തിരിച്ചു കെണിക്കുടിൽ കയറും. ഈച്ചകൾ എല്ലാം കയറിയ ശേഷം രാത്രിയിൽ  കെണിക്കൂട് കുറച്ചു ദൂരെയായി നിങ്ങൾക്ക് ഇഷ്ടം ഉള്ളടത്ത് സ്ഥാപിക്കാം. അങ്ങനെ നല്ല ശക്തിയായ ഒരു കൂട് നിങ്ങൾക്ക് ലഭിക്കും 


കെണിക്കൂട് മാറ്റിയശേഷം രാത്രി തന്നെ അടച്ചു വച്ച മാതൃകോളനിയുടെ പ്രേവേശന ദ്വാരം തുറന്നു വിടണം. ഒരാഴ്ച കഴിഞ്ഞു  വീണ്ടും ഈച്ചകൾ ആ കൂട്ടിൽ കയറുന്നുണ്ടെങ്കിൽ വീണ്ടും ഒരു പുതിയ  കെണിക്കൂട് അവിടെ സ്ഥാപിക്കാവുന്നതാണ്. അങ്ങനെ ഒരു മാതൃകോളനിയിൽ നിന്നും ചില സമയങ്ങളിൽ 2,3 കോളനികൾ സ്വന്തമാക്കാൻ സാധിക്കും.   

കെണിക്കൂടോ സെറ്റ് പിരിച്ച കൂടോ എത്ര ദുരത്തിൽ മാറ്റി വെക്കണം ...?

ഞാൻ സാധാരണ വെക്കുന്നത് വീടിന്റെ മുന്നിൽ ആണ് കൂടെങ്കിൽ നേരെ വീടിന്റെ പുറകിലോട്ടു മാറ്റി വെക്കും. പെട്ടികൾ തമ്മിൽ നേരിൽ കാണാത്ത ദൂരം. ഈ കാര്യങ്ങൾക്കൊന്നും കൃത്യമായ ഒരു കണക്കില്ല. ചെയ്യുന്ന ആളുടെ ഐഡിയ ഉപയോഗിച്ച് ഒരു ദൂരത്തിൽ മാറ്റി സ്ഥാപിക്കുക.

ഒരു വർഷം ആയിട്ടും വിജയിക്കാത്ത കെണിക്കൂട് എന്തുചെയ്യും...?

ഇങ്ങനെ ഉള്ള സാഹചര്യത്തിൽ നമുക്ക് വേറെ ചെറുതേനീച്ചക്കൂടുകൾ ഉണ്ടെങ്കിൽ വൈകുന്നേരം 4 മണിയോടുകൂടി അവയിൽ നിന്നും പുതിയതും പഴയതുമായ മുട്ടകൾ എടുത്ത് ഈ കെണിക്കുട്ടിൽ വെക്കുക. റാണി മുട്ട ഉണ്ടെങ്കിൽ അതടക്കം വെക്കുക. റാണി മുട്ട ഇല്ലെങ്കിൽ പുതിയതും പഴയതുമായ എല്ലാ പ്രായത്തിലും ഉള്ള മുട്ടകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക .

എന്നിട്ട് വൈകുന്നേരം 4 മണിയോടുകൂടി മാതൃകോളനിയിൽ നിന്നും ഉള്ള പൈപ്പ് ഊരിവിടുക. അതിനു ശേഷം മാതൃകോളനിയുടെ കല്ലിൽ ചുറ്റിക ഉപയോഗിച്ചോ കല്ലുപയോഗിച്ചോ കുറെ നേരം ശക്തിയായി ഇടിക്കുക. അപ്പോൾ മാതൃകോളനിയിൽ ഉള്ള ഈച്ചകൾ പുറത്തുചാടും. അങ്ങനെ ഈച്ചകളെ പുറത്തുചാടിച്ച ശേഷം മാതൃകോളനിയിലെ പ്രവേശന കവാടം അടച്ചുവെക്കുക. അങ്ങനെ ചെയ്യുമ്പോൾ ഈ പുറത്തുചാടി ഈച്ചകൾ മുഴുവനും തിരിച്ചു കെണിക്കുടിൽ കയറും. ഈച്ചകൾ എല്ലാം കയറിയ ശേഷം രാത്രിയിൽ  കെണിക്കൂട് കുറച്ചു ദൂരെയായി നിങ്ങൾക്ക് ഇഷ്ടം ഉള്ളടത്ത് സ്ഥാപിക്കാം. അങ്ങനെ നല്ല ശക്തിയായ ഒരു കൂട് നിങ്ങൾക്ക് ലഭിക്കും 


കെണിക്കൂട് മാറ്റിയശേഷം രാത്രി തന്നെ അടച്ചു വച്ച മാതൃകോളനിയുടെ പ്രേവേശന ദ്വാരം തുറന്നു വിടണം. ഒരാഴ്ച കഴിഞ്ഞു  വീണ്ടും ഈച്ചകൾ ആ കൂട്ടിൽ കയറുന്നുണ്ടെങ്കിൽ വീണ്ടും ഒരു പുതിയ  കെണിക്കൂട് അവിടെ സ്ഥാപിക്കാവുന്നതാണ്. അങ്ങനെ ഒരു മാതൃകോളനിയിൽ നിന്നും ചില സമയങ്ങളിൽ 2,3 കോളനികൾ സ്വന്തമാക്കാൻ സാധിക്കും.   



ചെറുതേൻ സംസ്കരിക്കുന്ന രീതി



ചെറുതേൻ എടുക്കുന്ന വിധം



ചെറുതേനീച്ച വളർത്തൽ



കെണിക്കൂട് പരാജയപ്പെടാൻ ഉള്ള കാരണങ്ങൾ 



കെണിക്കൂട് വിജയിക്കാൻ



ചെറുതേനീച്ച പെട്ടികളുടെ ചിത്രങ്ങൾ 


കെണിക്കൂടുകൾ സ്ഥാപിക്കുന്നതിന്റെ വീഡിയോകൾ


 NB : - ഇതിൽ ഞാൻ എഴുതിയെക്കുന്ന കാര്യങ്ങൾ ഞാൻ കണ്ടു പിടിച്ചതോ ഗവേഷണം നടത്തിയതോ ആയ കാര്യങ്ങൾ അല്ല. ചെറുതേനീച്ചയെ അറിയാനും പഠിക്കാനും ഉള്ള താല്പര്യം കാരണം പലരോടും ചോദിച്ചും പലരുടെയും അറിവുകൾ വായിച്ചും വീഡിയോ കണ്ടും ഞാൻ മനസിലാക്കിയ കാര്യങ്ങൾ ആണ്. ഓരോരുത്തരുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും വത്യസ്തമാണ്. തുടക്കകാർക്കും മറ്റും ഏകദേശം കുറച്ചു കാര്യങ്ങൾ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ കൂടി  ആണ് ഞാൻ ഈ ബ്ലോഗ് എഴുതിയിരിക്കുന്നത്. എല്ലാം വായിച്ചു കാണാതെ പഠിക്കാതെ മനസിലാക്കുക മാത്രം ചെയ്യുക. എന്നിട്ടു സ്വന്തം ഐഡിയ പരമായി മുന്നോട്ടു പോകുക. നിങ്ങൾക്ക് എന്റെ എല്ലാ വിജയാശംസകളും നേരുന്നു.















   
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ